Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Tuesday 15 November 2022

ഹെര്‍ണിയ ആയുര്‍വേദത്തില്‍

ഹെര്‍ണിയ ചികിത്സ ആയുര്‍വേദത്തില്‍

'കുടലിറക്കം' എന്നാണ് ഹെര്‍ണിയ രോഗം അറിയപ്പെടുന്നത്. 'കുടല്‍വീക്കം' എന്നും ഇതിനെ പറയാറുണ്ട്. ആയുര്‍വേദത്തിലെ 'ആന്ത്രവൃദ്ധി' എന്ന രോഗവുമായി ഹെര്‍ണിയയെ താരതമ്യം ചെയ്യാം.

ആന്ത്രം എന്നാല്‍ കുടല്‍ എന്നാണര്‍ത്ഥം. ചെറുകുടലിനെ ക്ഷുദ്രാന്ത്രം എന്നും വന്‍കുടലിനെ ബൃഹദാന്ത്രം എന്നുമാണ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വൃദ്ധി എന്നത് വീക്കം അഥവാ 'ഇറക്കം' എന്നതിനെ കുറിക്കുന്നു. വൃദ്ധി ഒരു രോഗം തന്നെയാണ്. വൃഷണത്തെ ബാധിക്കുന്ന രോഗം. വൃദ്ധ്‌ന രോഗം എന്നും ഇതിനെ പറയുന്നു. രോഗകാരണമനുസരിച്ച് ഇത് ഏഴു വിധമുണ്ട്. ഇപ്രകാരം ഏഴുതരം വൃദ്ധിരോഗങ്ങളില്‍ ഒന്നാണ് ആന്ത്രവൃദ്ധി.

ഒരു അവയവത്തിന്റെയോ ശരീരകലയുടെയോ ഭാഗം അസാധാരണമായ ഒരു ദ്വാരത്തിലൂടെ പുറത്തുചാടി മുഴപോലെ വീര്‍പ്പുണ്ടാക്കുന്ന രോഗമാണ് ആന്ത്രവൃദ്ധി അഥവാ ഹെര്‍ണിയ. പുറത്തുചാടുന്നത് ചിലരില്‍ ചെറുകുടലിന്റെ ഭാഗമായിരിക്കും. ചിലരില്‍ വന്‍കുടലിന്റെ ഭാഗമായിരിക്കും. അപൂര്‍വമായിട്ടാണെങ്കിലും മൂത്രാശയത്തിന്റെ ഭാഗവും ഇത്തരത്തില്‍ പുറത്തുചാടുന്നുണ്ട്. നാഭിയുടെ അടിഭാഗത്താണ് പ്രധാനമായും ഹെര്‍ണിയ രൂപപ്പെടുന്നത്. 73 ശതമാനം ഹെര്‍ണിയകളും നാഭിയുടെ അടിഭാഗത്ത് കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്.

എന്തുകൊണ്ട്

വാതകോപമുണ്ടാക്കുന്ന ആഹാരങ്ങളും വിഹാരങ്ങളുമാണ് ഈ രോഗത്തിന്റെ അടിസ്ഥാനകാരണം. കയ്പും ചവര്‍പ്പും രസമുള്ളതും ശീതവീര്യപ്രധാനമായതുമായ ആഹാരങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം വാതകോപത്തിന്റെ കാരണങ്ങളാണ്. മദ്യപാനം, പുകവലി, അമിതമായ ഭക്ഷണം, വ്യായാമമില്ലാത്ത ജീവിതചര്യ എന്നിവയും ശരീരത്തിന് തീര്‍ത്തും അഹിതങ്ങളായ വിഷയങ്ങളാണ്.

അമിതഭാരമോ കുടവയറോ ഉള്ളവരില്‍ ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഠിനമായ ശരീരായാസമാണ് മറ്റൊരു പ്രധാന കാരണം. വിട്ടുമാറാത്ത ചുമ, കഠിനമായ മലബന്ധം എന്നിവ ഹെര്‍ണിയയ്ക്ക് കാരണമാകാം. ഭാരം തലച്ചുമടായി എടുക്കുന്നതും കൈച്ചുമടായി എടുക്കുന്നതും ശരീരത്തിന് ആയാസം വരുത്തുന്ന കാര്യങ്ങളാണ്. ഉയരത്തില്‍ നിന്നുള്ള വീഴ്ച, മല്‍പിടുത്തം, പഞ്ചഗുസ്തി എന്നിവയും ഹെര്‍ണിയയ്ക്കു കാരണമാകാം. അശ്രദ്ധമായി ഭാരോദ്വഹനംപോലെയുള്ള വ്യായാമങ്ങള്‍ ആവര്‍ത്തിക്കുന്നതും ഒരു പ്രധാന കാരണമാണ്.

ലക്ഷണങ്ങള്‍

അരക്കെട്ട്, നാഭി, വൃഷണം, ലിംഗം ഈ ശരീരഭാഗങ്ങളില്‍ വേദന, അധോവായുവിന് തടസ്സം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് ഗ്രന്ഥിരൂപത്തില്‍ വൃദ്ധി കാണപ്പെടുന്നു. നാഭിയില്‍ ഇത് രണ്ടു വിധത്തിലുണ്ടാകാറുണ്ട്. ഒന്ന്, മുതിര്‍ന്നവരില്‍ കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്. കഴലഭാഗത്ത് കാണുന്ന സ്വാഭാവികമായ ഒരു വിടവാണ് ഇന്‍ഗൈ്വനല്‍ കനാല്‍. കുടലിന്റെ ഒരു ഭാഗം ഉദരത്തില്‍ നിന്നും പുറത്തു ചാടുന്നത് ഈ വിടവിലൂടെയാണ്. പുറത്തു ചാടിയ ഭാഗം ഒരു ഗോളംപോലെ കഴലയില്‍ വ്യക്തമായി കാണാം. കാലക്രമത്തില്‍ ഇത് വൃഷണസഞ്ചിയിലേക്ക് ഇറങ്ങുന്നതോടെ വൃഷണസഞ്ചി വീര്‍ക്കുന്നു. 

ജനിച്ച് കുറച്ച് ആഴ്ചകള്‍ക്കു ശേഷമോ മാസങ്ങള്‍ക്ക് ശേഷമോ ഉണ്ടാകുന്ന അമ്പിലിക്കല്‍ ഹെര്‍ണിയയാണ് നാഭിയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ഇനം. നാഭിനാളഛിദ്രത്തിന്റെ ബലക്ഷയമാണ് ഇവിടെ ഹെര്‍ണിയക്ക് കാരണമാകുന്നത്.

സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഹെര്‍ണിയയാണ് ഫെമറല്‍ ഹെര്‍ണിയ. സ്ത്രീകളില്‍ ശ്രോണീനീളം കൂടുതലായതാണ് ഇതിനു കാരണം. ഫിമറല്‍ കനാലിലേക്കാണ് ഇവിടെ കുടലിറക്കമുണ്ടാകുന്നത്. ഇതും ഒരു ഗോളംപോലെ ഉയര്‍ന്നുനില്‍ക്കുന്നതായി കാണാം. ചുമയ്ക്കുമ്പോള്‍ വായു നിറയുന്നതുപോലെ ഉയര്‍ന്നുവരികയും അമര്‍ത്തുമ്പോള്‍ ഉദരത്തിന്റെ ഭാഗത്തേക്ക് അമര്‍ന്ന് പോകുകയും ചെയ്യും.

ഉദരഭിത്തിയുടെ അകല്‍ച്ചകൊണ്ട് വരുന്നതാണ് ഉദരഭിത്തിഗത ഹെര്‍ണിയ . പൊണ്ണത്തടിയാണ് ഇവിടെ പ്രധാന കാരണം. ജന്മനാ ഉണ്ടാകുന്ന ഉദരപടലഗത ഹെര്‍ണിയയുടെ കാരണം മധ്യഛദത്തിന്റെ രണ്ടു വശത്തേയും അര്‍ദ്ധഭാഗങ്ങളുടെ അപൂര്‍ണമായ വികാസമാണ്. ഈ വിടവില്‍ക്കൂടി ആമാശയം, വസ, വന്‍കുടല്‍, ചെറുകുടലില്‍ കുറച്ചു ഭാഗം എന്നിവ നെഞ്ചിന്റെ ഭാഗത്തേക്കാണ് തള്ളിവരുന്നത്.

ഉപദ്രവങ്ങള്‍

കോഥം അഥവാ പഴുപ്പ് ആണ് രോഗത്തിന്റെ പ്രധാന ഉപദ്രവം. പുറത്തേക്ക് ചാടുന്ന കുടലിന്റെ ഭാഗങ്ങളില്‍ രക്തവാഹിനികള്‍ക്ക് ഞെരുക്കം സംഭവിക്കുന്നതാണ് പഴുപ്പിനു കാരണം. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കാം. ഉദരത്തില്‍ കഠിനമായ വേദനയും സ്തബ്ധതയും ഉണ്ടാകാന്‍ ഇതിടയാക്കും. തണുത്ത വിയര്‍പ്പ് വരുകയും നാഡി ദുര്‍ബലമാകുകയും ശരീരത്തിന്റെ താപക്രമം കുറയുകയും ചെയ്യും. പഴുപ്പ് വര്‍ദ്ധിക്കുമ്പോള്‍ വേദന കുറയുന്നതായി കാണാം. ഇത് അപകടലക്ഷണമാണെന്നു മാത്രം.

ചികിത്സ

അടിസ്ഥാനകാരണങ്ങളെ കണ്ടെത്തി ദോഷശമനം വരുത്തുന്നതിലൂടെയാണ് ആയുര്‍വേദം ഈ രോഗത്തെ ഫലപ്രദമായി ചികിത്സിച്ചു മാറ്റുന്നത്. ഇവിടെ പ്രധാനമായി കോപിക്കുന്ന ദോഷം വാതമാണ്. മേദസ്സും അനുബന്ധമായി ദുഷിച്ചേക്കാം. വാതത്തില്‍ അപാനവായുവിനാണ് കൂടുതല്‍ ദോഷമുണ്ടാകുന്നത്. വാതഹരങ്ങളായ സ്‌നേഹവിരേചനം, കഷായവസ്തി, സ്‌നേഹവസ്തി, സ്വേദപ്രയോഗങ്ങള്‍, ലേപനം മുതലായ ചികിത്സകള്‍ അവസ്ഥാനുസരണം യുക്തിപൂര്‍വം ചെയ്യാം. പഴുപ്പുണ്ടായാല്‍ അടിയന്തരമായി വ്രണത്തിന്റെ ചികിത്സയാണ് ചെയ്യേണ്ടത്.

വാതഹരവും മേദോഹരവുമായ ലശുനാദി കഷായം, വാശാദികഷായം, വരണചിത്രബലാദിഘൃതം, സുകുമാരഘൃതം, ഹിംഗുത്രിഗുണം, ഏരണ്ഡതൈലം മുതലായവ ഫലപ്രദമായ ഔഷധങ്ങളാണ്.

വെളുത്തുള്ളി ഇവിടെ ശ്രേഷ്ഠമായ ഔഷധമാണ്. ഇത് വാതഹരവും കഫമേദോഹരവുമാണ്. ദുര്‍മേദസിനേയും സ്ഥൗല്യത്തേയും ചെറുക്കുന്നതില്‍ വെളുത്തുള്ളിയുടെ ഗുണം അപാരമാണ്. വെളുത്തുള്ളി, കഴട്ടിവേര്, ചുക്ക്, ഉഴിഞ്ഞവേര്, ആവണക്കിന്‍വേര് ഇത്രയും കഴുകിച്ചതച്ച് കഷായം വെച്ച് അരിച്ചതില്‍ ആവണക്കെണ്ണയും ഇന്തുപ്പും മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് ഹെര്‍ണിയക്ക് ഫലപ്രദമാണ്. വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞ നീരും ഉഴിഞ്ഞ ഇടിച്ച് പിഴിഞ്ഞ നീരും സമം ചേര്‍ത്ത് ഇതിന് തുല്യം ആവണക്കെണ്ണയും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അരിക്കാടിയില്‍ പുളിയിലയും ഉഴിഞ്ഞയും ഇട്ട് തിളപ്പിച്ച് അതുകൊണ്ട് നാഭിയിലും പൃഷ്ഠഭാഗത്തും വിയര്‍പ്പിക്കാം. ഇതുതന്നെ മിതമായ ചൂടില്‍ നാഭിക്ക് താഴെ ധാരകോരുന്നതിനും ഉപയോഗിക്കാം. ആവണക്കെണ്ണ കഴിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കോഷ്ടശുദ്ധി വരുത്തുന്നതും നല്ലതാണ്.

ഹെര്‍ണിയക്ക് ഫലപ്രദമായ മറ്റൊരു മാര്‍ഗമാണ് അരപ്പട്ടയുടെ ഉപയോഗം. ഇതിനെ ട്രസ് എന്നു പറയും. വളരെ ലളിതവും സൗകര്യപ്രദവുമായ ഒരു ബന്ധനചികിത്സയാണിത്. ആന്ത്രം കൂടുതല്‍ ഇറങ്ങാതിരിക്കാനും ഇറങ്ങിയ ആന്ത്രം കുറച്ചൊക്കെ ഉള്ളിലേക്ക് പോകാനും ഇത് സഹായിക്കും. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഈ അരപ്പട്ട അഴിച്ചുവെക്കാം. രാത്രി ചുമച്ചുകൊണ്ടിരിക്കുന്ന രോഗിയാണെങ്കില്‍ ഉറങ്ങുമ്പോഴും അഴിച്ചുവെക്കരുത്. അരപ്പട്ട കെട്ടിയതിനുശേഷം മാത്രമേ കാലത്ത് എഴുന്നേല്‍ക്കാന്‍ പാടുള്ളൂ.

പച്ചക്കറികള്‍ കഴിക്കുക

ഭക്ഷണത്തില്‍ പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. പ്രത്യേകിച്ചും നാരുള്ള പച്ചക്കറികള്‍ മലബന്ധമൊഴിവാക്കാന്‍ സഹായിക്കും. മുരിങ്ങക്കായ, പടവലം, ഉണ്ണിപ്പിണ്ടി, ചീര, തവിഴാമ മുതലായവ കറിയായും തോരനായും നിത്യവും കഴിക്കാം. ചേന, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മോര് ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് സംഭാരമായി നിത്യേന ഉപയോഗിക്കാം. കുടിക്കുന്നതിന് ചൂടുവെള്ളമാണ് നല്ലത്.

ശ്രദ്ധിക്കേണ്ടത്

ഹെര്‍ണിയയ്ക്ക് കാരണമായ ആഹാരങ്ങളും വിഹാരങ്ങളും രോഗി തീര്‍ത്തും ഉപേക്ഷിക്കണം. ഉദരത്തില്‍ സമ്മര്‍ദ്ദമുണ്ടാകുന്ന വ്യായാമങ്ങളും യോഗാസനങ്ങളും ദൈനംദിന പ്രവൃത്തികളും ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. ശരീരത്തിന് കുലുക്കമുണ്ടാകുന്ന രീതിയില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുക, തുടര്‍ച്ചയായ യാത്ര, തുടര്‍ച്ചയായ ഇരുത്തം, അമിതമായ വ്യായാമം, അമിതമായ മൈഥുനം, വേഗധാരണം എന്നിവയും നല്ലതല്ല.

ഹെര്‍ണിയയുടെ പ്രാരംഭദശയില്‍ ഈ ചികിത്സകൊണ്ട് പൂര്‍ണമായ രോഗശാന്തി പ്രതീക്ഷിക്കാം. എന്നാല്‍ രോഗത്തെ ഇത്തരത്തില്‍ ശമിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ക്രമേണ ഔഷധത്താല്‍ അസാധ്യമായിത്തീര്‍ന്നേക്കാം എന്നു സുശ്രുതസംഹിതയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.